പാലക്കാട്: അവഗണിക്കപ്പെടുന്നെന്ന തോന്നല്‍ ജി. സുധാകരനുണ്ടെന്നും അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും സിപിഎം നേതാവ് എ.കെ. ബാലന്. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ജി. സുധാകരനും പാര്‍ട്ടി അച്ചടക്കം പാലിക്കണമെന്നും ബാലന് പറഞ്ഞു.
സുധാകരന്റെ ഗുണങ്ങളെ സംബന്ധിച്ചും നല്ല ഭാഷയിലാണ് ഏഴുതിയത്. തെറ്റായ യാതൊരു പരാമര്‍ശവും അദ്ദേഹത്തിനെതിരെയില്ല. എസ്എഫ്ഐയിലുള്ള സമയത്ത് അദ്ദേഹത്തിന്റെ സംഘടനാ തലത്തിലുള്ള കഴിവും ബൗദ്ധിക തലത്തിലുള്ള കഴിവും തിരിച്ചറിഞ്ഞയാളാണ് ഞാന്‍. അദ്ദേഹത്തിന് ഉള്ളൊരു പ്രശ്നമുണ്ട്. അത് പരിശോധിക്കപ്പെടേണ്ടതാണ്.
അവഗണിക്കപ്പെടുന്നു എന്ന ഒരു ധാരണ അദ്ദേഹത്തിന് ഉണ്ട്. അതില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിശോധിക്കണം. അവഗണിക്കപ്പെടുന്നു എന്നുള്ളൊരു മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് അദ്ദേഹം സംസാരിക്കുമ്പോള്‍ പാര്‍ട്ടിയുടേതായ അന്തസിന് നിരക്കാത്ത, അച്ചടക്കത്തിന് നിരക്കാത്തരീതിയില്‍ പോകാന്‍ പാടില്ല.
എന്ത് സാഹചര്യമുണ്ടായാലും നമ്മള് അതിന് വിടാന്‍ പാടില്ല. അദ്ദേഹത്തില്‍ നിന്നാണ് പുതിയ തലമുറ പലതും പഠിച്ചത്. ആ അര്‍ഥത്തില്‍ അദ്ദേഹം ഒരു അധ്യാപകനാണ്. പാഠമാകേണ്ട ഒരാളില്‍ നിന്ന് വഴിവിട്ടു പോകുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ പാടില്ല. രണ്ട് ഭാഗവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ബാലൻ കൂട്ടിച്ചേർത്തു.